അനശ്വരമീ...... മായനദി ........
ഒരിടവേളക്ക് ശേഷം ശ്യാം പുഷ്ക്കരൻ - ദിലീഷ് നായർ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. ടോവിനോ തോമസ് , ഐശ്വര്യ ലക്ഷ്മി എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്. തന്റെ മുൻ ചിത്രങ്ങളിലോ, ഒരു പക്ഷെ മലയാള സിനിമാ ചരിത്രത്തിൽ തന്നെയോ ആരും പറഞ്ഞിട്ടില്ലാത്ത രീതിയിലാണ് ആഷിഖ് ,ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഇത്രയും റിയലിസ്റ്റിക്കായ ഒരു പ്രണയ ചിത്രം ഇതാദ്യമായിരിക്കും.
മാത്തന്റെയും അപർണയുടേയും ജീവിതമാണ് സിനിമയുടെ പ്രമേയം. വ്യത്യസ്തമായ കാഴ്ചപ്പാടുകളോട് ജീവിതത്തെ നോക്കിക്കാണുന്ന രണ്ട്പേര്‍ , അവരുടെ പ്രണയവും വ്യക്തിജീവിതവും അതീവ ഭംഗിയോടെ അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട് എന്നത് പറയാതെ വയ്യ. കാമ്പുള്ള ഒരു തിരക്കഥ തന്നെയാവണം ശ്യാം - ദിലീഷ് ടീം ഒരുക്കിയത് എന്ന് ഉറപ്പാണ്. കാരണം അത്ര ഗംഭീരമായാണ് ചിത്രത്തിന്റെ ഓരോ നിമിഷവും കടന്നുപോകുന്നത്. പ്രധാനമായും മാത്തന്റെയും അപർണയുടേയും തന്നെയാണ് കഥ എന്നതുകൊണ്ടുതന്നെ മാറ്റുകഥാപാത്രങ്ങളുടെ സ്പേസ് കുറക്കാൻ മനഃപൂർവ്വമായി ഒരു ശ്രമം നടന്നതായി തന്നെ അനുഭവപെട്ടു. എന്നാൽ ചിത്രം പറയുന്നത് അവരുടെ പ്രണയവും ജീവിതവുമാണെന്നു പ്രേക്ഷകനെ ഒര്‍മപ്പെടുത്താനായിത്തന്നെ നടത്തിയ ഒരു നീക്കമാണ് അതെന്ന് വ്യക്തമാണ്. ആയതിനാൽ ഇവിടെ സംവിധായകന്റെ കഴിവ് സമ്മതിച്ചു കൊടുക്കുക തന്നെവേണം. ജയേഷ് മോഹന്റെ ഛായാഗ്രഹണത്തെ അതിഗംഭീരം എന്നുതന്നെ പറയേണ്ടിവരും, കാരണം ചിത്രത്തിൽ കൂടുതലും നൈറ്റ് സീക്വന്‍സുകളായിരുന്നു എന്നതുകൊണ്ടുതന്നെ, അവയെല്ലാം അങ്ങേയറ്റം മനോഹരമാക്കാൻ ഛായാഗ്രാഹകൻ ആത്മാർഥമായി തന്നെ പരിശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പാട്ടുകളിലെ ഓരോ സീനും ജീവനുള്ള ഷോട്ടുകൾകൊണ്ട് നിറഞ്ഞവയായിരുന്നു. ഓരോ ഫ്രെയിമുകളും അതിഗംഭീരം എന്നതിൽ കുറഞ്ഞൊന്നും പറയാനാകില്ല.
ഒരൽപം നൊമ്പരവും നെഞ്ചിനുള്ളിൽ വിങ്ങലുമായി സിരകളിലേക്ക് പടര്‍ന്നുകയറുന്ന സംഗീതം നിറച്ചാണ് ഈ മായാനദി ഒഴുകിയെത്തുന്നത്. പാട്ടുകൾ മായാനദിയുടെ ഒരു ഭാഗം തന്നെയായിരുന്നു. അവയുള്ളപ്പോൾ മാത്രമേ ഈ ചിത്രത്തിന് പൂർണതയുള്ളൂ. ഒരു മ്യൂസിക്കൽ റിവർ തന്നെയാണ് ഈ മായാനദി. റെക്സിന്റെ സംഗീതം ഷഹബാസിന്റെ മനോഹര ശബ്ദത്തിൽ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര മനോഹരം. തമിഴിൽ നിന്നും, മലയാളത്തിൽ നിന്നും താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ഒരാൾപോലും അനാവശ്യം എന്നുതോന്നിയില്ല. എല്ലാവര്‍ക്കും അർഹിച്ച പ്രാധാന്യം തന്നെ കൊടുക്കാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.
പിന്നെ എടുത്തുപറയേണ്ട കാര്യം ഐശ്വര്യ ലക്ഷ്മി എന്ന നടിയെകുറിച്ചാണ്. തന്റെ മുൻ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി അഭിനയ പ്രാധാന്യമുള്ള വേഷത്തെ മനോഹരമാക്കി ഐശ്വര്യ. അപര്‍ണയായി മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും പറ്റാത്തത്ര ഗംഭീരമായിരുന്നു ഐശ്വര്യയുടെ പ്രകടനം.
സിനിമ പ്രദർശനത്തിന്റെ ആദ്യ നാളുകളിൽ തന്നെ മാത്തനും അപ്പുവിനും ആരാധകർ ഏറെയായി . അതിൽ മാത്തനാണ് ആൺ പെൺ വ്യത്യാസമില്ലാതെ സ്വീകാര്യതയുള്ള കഥാപാത്രമായെന്നു മാത്രം .
മാത്തന്റെ പ്രണയം അനശ്വരമാണ് .........അതൊരു നദിയായി ഒഴുകികൊണ്ടേ ഇരിക്കുന്നു .
തിയറ്ററിൽനിന്നും തന്നെ സ്വയം അനുഭവിച്ചറിയേണ്ട ഒന്നാണ് ഈ മായാനദി.
ലളിതം ...സുന്ദരം ...വശ്യം ..മായാനദി.
മിഴിയിൽ നിന്നും മിഴിയിലേക്കു തോണിതുഴഞ്ഞെത്തട്ടെ ,
ഒഴുകട്ടെ ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക്........




Comments
Post a Comment