ഒരു വയനാടൻ യാത്ര
വയനാടിലേക്ക് പലപ്രാവശ്യവും പോയിട്ടുണ്ടെങ്കിലും അതലധികവും വയനാട്ടിലൂടെയുള്ള യാത്രകൾ പോയിട്ട് ഉണ്ടെങ്കിലും കോളേജ് നിന്നുള്ള ഇ വിനോദയാത്ര തന്നെയാണ് ഓർമയിൽ തങ്ങിയത് എന്നു പറയാം. വയനാട് അടുത്താണെങ്കിലും വയനാടൻ കാഴ്ചകൾ പലപ്പോഴും താമരശ്ശേരി ചുരവും മറ്റും മാത്രമായി ഒതുങ്ങുന്നു. എന്നാൽ ഞങ്ങളുടെ ഇ ചെറിയ വിനോദ യാത്രയിൽ ഒട്ടുമിക്ക സ്ത ലങ്ങളും സന്ദർശിക്കാൻ സാധിച്ചു.
വയല്‍ നാട് ആണത്രെ ലോപിച്ചു വയനാടായത്.വളരെയധികം പ്രത്യേകതകളുള്ള വയനാടിൽ കാണാനായി പല സ്ഥലങ്ങളുമുണ്ട്… സൂചിപ്പാറ വെള്ളച്ചാട്ടം, എടക്കൽ ഗുഹ, പൂക്കോടുതടാകം, …അങ്ങനെ നീളുന്നു സ്ഥാലപേരുകൾ . ഞങ്ങളുടെ യാത്ര തോൽപ്പെട്ടിയിലേക്കും കാരാപ്പുഴ ഡാമിലേക്കും കുറുവ ദ്വീപിലേക്കുമായിരുന്നു. രാവിലെ തന്നെ ഞങ്ങള്‍ യാത്ര തുടങ്ങി. വയനാടു ചുരവും (താമരശ്ശേരി ചുരം) മറ്റു ചില കയറ്റങ്ങളും ദുർഘട റോഡുകളുമുള്ളതിനാൽ ദൂരം അധികമില്ലെങ്കിലും സമയം അധികമെടുക്കും.കുറേ സമയത്തെ യാത്രക്കു ശേഷം ഞങ്ങള്‍ ചുരത്തിനടുത്തെത്തി. പ്രഭാത ഭക്ഷണം അവിടെ നിന്നും കഴിച്ചു ഞങ്ങള്‍ ചുരം കയറിത്തുടങ്ങി. കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ഈ മനോഹര മലമ്പാതക്ക് 12 കിലോമീറ്ററോളം നീളത്തില്‍ ഒമ്പതു ഹെയര്പിന്‍ വളവുകളുണ്ട്. സാവധാനത്തില്‍ കാഴ്ചകളും കണ്ടു വണ്ടി മുകളിലേക്ക് പോവുകയാണു. പലപ്പോഴും ഇറക്കമിറങ്ങിവരുന്ന വണ്ടികള്‍ മുകളിലേക്കുപോകുന്ന വണ്ടികള്‍ക്ക് പാതയൊരുക്കാന്‍ വേണ്ടി അരികിലേക്കു ചേർത്തു നിര്‍ത്തിയിരിക്കുന്നു. രണ്ടു ഭാഗത്തും മനോഹരമായ കാഴ്ചകള്‍, മുകളിലേക്കു പോകുംതോറും കാഴ്ചകളുടെ മാറ്റും തണുപ്പും കൂടിക്കൂടി വരുന്നു.ചുരത്തില്‍ ഒരിടത്തു വണ്ടി നിര്‍ത്തി, ഇവിടെയുള്ള കുരങ്ങുകള്‍ മനുഷ്യരുമായി നല്ല ഇണക്കത്തിലാണു. ഭക്ഷണത്തിനും മറ്റുമായി അവ നമ്മുടെ അടുത്തേക്കു വരും.ചുരത്തിനു മുകളിൽ നിന്നും താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്.
നീണ്ടു കിടക്കുന്ന ഭൂപ്രദേശം മുഴുവൻ നമ്മുടെ കണ്ണുകൾക്ക് മുൻപിൽ, ആഹാ എത്ര സുന്ദരം. ചുരത്തിന്റെ മുകളിലെത്തുമ്പോള്‍ അവിടെ ഒരു ചെങ്ങല മരം കാണാം. അതിനെ ചുറ്റി പറ്റി നിരവധി ഐതിഹ്യം നിലനിൽക്കുന്നതാണ് എന്നു പറയുന്ന കേട്ടു.
ചുരക്കാഴ്ചകള്‍ക്കു ശേഷം കുറുവാദ്വീപിലേക്കാണു അടുത്ത യാത്ര.950 ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന ഒരു ഹരിത വനമാണു കുറുവാദ്വീപ്.ചെറിയ ചെറിയ വളരെയധികം ദീപുകള്‍ കൂടിയ ഒരു ദ്വീപസമൂഹം, കബനിപ്പുഴയുടെ സൗന്ദര്യം കൂടിയാകുമ്പോള്‍ ഇതു സന്ദര്‍ശകര്‍ക്ക് കണ്ടു മതിയാകാത്ത കാഴ്ചായായി മാറുന്നു. ടിക്കറ്റെടുത്ത് ഒരു ചെറിയ ബോട്ടില്‍ അവര്‍ നമ്മളെ കബനിപ്പുഴ കടത്തിതരും. നല്ല ഒഴുക്കുള്ള വെള്ളത്തിലൂടെ ലൈഫ് ജാക്കറ്റൊക്കെ ധരിച്ചുള്ള യാത്ര ആവേശകരം. കൂട്ടുകാരുമൊത്തുള്ള ഈ യാത്രയുടെ മാധുര്യം മറ്റൊന്നിനും നല്കാനാകില്ല.മനുഷ്യവാസമില്ലാത്ത ദ്വീപില്‍ സന്ദര്‍ശകരെയല്ലാതെ ഒന്നു രണ്ടു കുരങ്ങന്മാരെ മാത്രമാണു കണ്ടത്.പുഴകടക്കാന്‍ ചിലയിടത്ത് ചെങ്ങാടവുമുണ്ട്. ഇടക്ക് മരം കൊണ്ടൂണ്ടാക്കിയ പാലങ്ങളും. നഗരത്തിരക്കില്‍ നിന്നും അകലെ ശാന്തമായ അന്തരീക്ഷത്തില്‍ സുന്ദരമായ കാഴ്ചകള്‍ കണ്ടും ഫോട്ടോകളെടുത്തും കുറേ സമയം.
അടുത്ത ലക്ഷ്യം തോല്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രമാണു. നേരെ അടുത്ത ലക്ഷ്യത്തിലേക്ക്. തോല്പെട്ടിയിൽ രാവിലെയും വൈകുന്നേരവുമാണൂ സന്ദർശന സമയം. ചെറിയ കാറുകളെയും അതുപോലുള്ള ചെറിയ വാഹനങ്ങളും അകത്തേക്ക് കടത്തിവിടില്ല. അവിടെ കാഴ്ചകൾ കാണിക്കാനായി ജീപ്പുകളും ഗൈഡുകളും ലഭ്യമാണു
ഞങ്ങളും ഒരു ജീപ്പെടുത്താണു യാത്ര തുടർന്നത്. കാട്ടിലൂടെ രണ്ടു ഭാഗത്തെയും പലതരത്തിലുള്ള കാടുകൾ കണ്ടു കൊണ്ടാണു യാത്ര, ചിലയിടത്ത് വലിയ മരങ്ങളും പുൽമേടുകളുമൊക്കെയായിട്ടായിരിക്കും, ചിലയിടത്ത് വനത്തിനുള്ളിലേക്ക് അധികം കാണാൻ കഴിയാത്ത വിധത്തിൽ ചെടികളും വള്ളികളുമൊക്കെയായി നിബിഡവനം. യാത്രയിൽ പല മൃഗങ്ങളെയും കണ്ടു. മാനുകളെയും പലതരം കുരങ്ങുകളെയും, പക്ഷികളെയും, മലയണ്ണാനെയും ഒക്കെ, ചെടികൾക്കിടയിലൂടെയാണെങ്കിലും കുറച്ചു പേർക്ക് ആനയെയും കാണാൻ പറ്റി.ഇത്രയൊക്കെ കാഴ്ചകൾ കാണാൻ പറ്റിയതുതന്നെ ഭാഗ്യമാണെന്നാണു കേട്ടത്.
സമയം വൈകുന്നേരമായിക്കഴിഞ്ഞു. ഇനി പോകുന്ന വഴിയിൽ കാരാപ്പുഴ ഡാം കൂടി കണ്ടിട്ടു മടങ്ങണം. മടക്കത്തിൽ ഒരിടത്തു വണ്ടി നിർത്തി ഞങ്ങൾ കൊണ്ടുവന്നിരുന്ന ഭക്ഷണം ഒരു വനത്തിലിരുന്നു തന്നെ കഴിച്ചു, അടുത്തുള്ള അരുവിയിൽ നിന്നും കൈ കഴുകി കാട്ടിലെ വീണുകിടക്കുന്ന മരത്തിലും കല്ലുകളിലും മറ്റുമായിരുന്നു വിശാലമായ ഭക്ഷണത്തിനു ശേഷം അടുത്ത കാഴ്ചയിലേക്ക്.
കുറെ സമയത്തെ യാത്രക്കു ശേഷം ഡാമിലെത്തി, പക്ഷെ അപ്പോഴേക്കും നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. അതിലൂടെ ഒക്കെയൊന്നു കറങ്ങിയപ്പോഴേക്കും സമയം വളരെ ഇരുട്ടിക്കഴിഞ്ഞിരുന്നു. പിന്നെ മടക്കം.
തികച്ചും അസുലഭ നിമിഷങ്ങൾ നല്കുന്നതാണ് ഓരോ യാത്രകളും. ജീവിതത്തിൽ ഉണ്ടായ നല്ലൊരു അനുഭവം ആയി തന്നെ എന്റെ ഈ യാത്രയെ ഞാൻ കണക്കാക്കുന്നു.


Comments
Post a Comment