ചെമ്മീൻ ഒരു മീൻ മാത്രമല്ല
കാലാതീതമായ ഒരു പ്രണയകഥ സിനിമയാകുന്നതും ആ സിനിമ ഒരു ക്ലാസിക് ആകുന്നതും എങ്ങനെയെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് ചെമ്മീന്‍. ദേശീയതലത്തിലും, സംസ്ഥാനതലത്തിലും മികവു തെളിയിച്ച പ്രതിഭകളെ അണിനിരത്തികൊണ്ട് രാമു കാര്യാട്ട് എന്ന അതുല്യ പ്രതിഭാധനനായ സംവിധായകന്‍ സാക്ഷാത്കരിച്ചതാണ് ഈ അഭ്രകാവ്യം. തികച്ചും കടലിനെ കേന്ദ്ര കഥാപാത്രമായി ചിത്രീകരിച്ചുകൊണ്ട് ഉള്ള ചലച്ചിത്രം. അവിടെ ഉണ്ടാകുന്ന പ്രണയം അങ്ങനെ നീളുന്നു കഥയിലെ ഓരോ കാര്യങ്ങളും.
സംഗീതസംവിധായകനായി സലീല്‍ ചൗധരി, ഗാനരചയിതാവായി വയലാര്‍ രാമവര്‍മ്മ, സംഭാഷണരചയിതാവായി എസ്.എല്‍.പുരം സദാനന്ദന്‍.... തുടങ്ങിയവരുടെ പ്രതിഭാവിസ്‌ഫോടനം ചെമ്മീന്‍ എന്ന സിനിമയെ കീര്‍ത്തിയുടെ ഔന്നത്യത്തില്‍ എത്തിച്ചു. സ്‌ട്രെക്ച്ചര്‍ ബലമുള്ളതായില്ലെങ്കില്‍ ഒരു നിര്‍മിതിയും ഏറെക്കാലം നിലനില്‍ക്കില്ല എന്നു പറയുന്നതുപോലെ നല്ലൊരു തിരകഥയില്ലാതെ ഒരു നല്ല സിനിമയും സംഭവിക്കാന്‍ പോകുന്നില്ല. തകഴിയുടെ നോവലും, കൊട്ടാരക്കര, സത്യന്‍, മധു, ഷീല, അടൂര്‍ ഭവാനി, എസ്.പി.പിള്ള തുടങ്ങിയ അഭിനേതാക്കളുടെ മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങളും സര്‍വ്വോപരി രാമു കാര്യാട്ടിന്റെ കുറ്റമറ്റ സംവിധാന പാടവവും ഈ സിനിമയെ ദേശീയ പുരസ്‌കാരത്തിനും ഇന്ത്യയിലെ ഏറ്റവും മികവേറിയ പത്തു സിനിമകളില്‍ ഒന്നെന്ന ബഹുമതിക്കും കാരണമാക്കി.
കടലാണ് ഇതിലെ പ്രധാന കഥാപാത്രം. അലറുന്ന കടല്‍, ദുഃഖത്തിലാഴ്ന്ന കടല്‍, പൊട്ടിച്ചിരിക്കുന്ന കടല്‍, പ്രണയിക്കുന്ന കടല്‍, ... അങ്ങനെ കടലിന്റെ വിവിധ മുഖങ്ങള്‍ ഒപ്പിയെടുത്തുകൊണ്ട് മാര്‍ക്‌സ് ബര്‍ട്ടലി തന്റെ ക്യാമറാകണ്ണുകളാല്‍ ഇന്ദ്രജാലം സൃഷ്ടിച്ചിരിക്കുന്നു എങ്കിലും ഋഷികേശ് മുഖര്‍ജിയുടെ ചിത്രസംയോജനമാണ് ചെമ്മീന്റെ സൗന്ദര്യം നിര്‍ണ്ണയിച്ചിരിക്കുന്ന ഘടകം. അദ്ദേഹത്തിന്റെ കൈയടക്കം കൊണ്ടു മാത്രം ഭാവനാസുന്ദരങ്ങളായ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഇതില്‍ കടന്നു വന്നിരിക്കുന്നു. ചെമ്പന്‍കുഞ്ഞിന്റെ ഭാര്യ ചക്കി മരിക്കുന്ന സമയത്ത് കാക്ക കുളിക്കുന്ന ഷോട്ടും, അയാള്‍ക്ക് തലയ്ക്ക് വെളിവില്ലാതാകുമ്പോള്‍ ഒരു ഞണ്ട് മണലിലെ കുഴികളിലേക്ക് സാവധാനം നടന്ന് പോകുന്നതും, പളനിയും, കറുത്തമ്മയുമായുള്ള കല്ല്യാണനാളില്‍ വിളമ്പിയ സദ്യയുടെ ശുഷ്‌കത കാണിക്കാന്‍ എച്ചിലിലകള്‍ കൊത്തിവലിക്കുന്ന കാക്കകളും, ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഋഷികേഷിന്റെ സ്‌പെഷല്‍ ഇഫക്ടുകളില്‍ ചിലത് മാത്രം. കടലിന്റെ പുത്രനായ പളനി സിനിമയില്‍ ഏതാനും സീനുകളില്‍ മാത്രമെ വരുന്നുള്ളൂ എങ്കിലും സത്യന്‍ ആ കഥാപാത്രത്തെ അനശ്വരമാക്കി. കരയുടെ പുത്രനായി വരുന്ന പരീക്കുട്ടിയെന്ന കഥാപാത്രത്തോട് മധുവും നീതിപുലര്‍ത്തി. കൊട്ടാരക്കരയുടെ ചെമ്പന്‍കുഞ്ഞും, അടൂര്‍ ഭവാനിയുടെ ചക്കിയും, ഷീലയുടെ കറുത്തമ്മയും, എസ്.പി.പിള്ളയുടെ അച്ചന്‍കുഞ്ഞും, അവരവരുടെ റോളുകളില്‍ തകര്‍ത്താടി പ്രേക്ഷകരുടെ കണ്ണുനിറച്ചു.
ഇതിലെ ചില ക്യാമറാ ടെക്‌നിക്കുകള്‍ അക്കാലത്ത് അത്ഭുതങ്ങളായിരുന്നു. അതിലൊന്ന് പളനിയുടെ ചെറുവഞ്ചി അകപ്പെടുന്ന ചുഴി വാട്ടര്‍ ടാങ്കില്‍ പ്രൊപ്പല്ലര്‍ ഘടിപ്പിച്ച് കൃത്രിമമായി ഉണ്ടാക്കിയെടുത്ത് ചിത്രീകരിച്ചതാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അതും 1965 ലെ പരിമിതമായ സാങ്കേതിക വിദ്യകള്‍ മാത്രം കൈവശമുള്ള മലയാള സിനിമയില്‍!
ഇതിന്റെ അന്ത്യരംഗത്തില്‍ അപരബോധമില്ലാത്ത പളനിയെ മരണത്തിലേക്ക് നയിച്ച സ്രാവ് ചൂണ്ടയോടെ കരയ്ക്കടിയുന്നുണ്ടെങ്കിലും പളനിയുടെ ജഡം അതിനോടൊപ്പം കാണിക്കാതിരുന്നത് രാമു കാര്യാട്ടിന്റെ ഭാവനാ വിലാസത്തിന് തെളിവാണ്. അല്ലെങ്കില്‍ ഒരു വശത്ത് പരീക്കുട്ടിയും, കറുത്തമ്മയും കെട്ടിപ്പിടിച്ച് മരിച്ച് കിടക്കുന്നതും, മറുവശത്ത് സ്രാവിന്റെയും പളനിയുടെയും ജഡങ്ങളും കാണിച്ചിരുന്നുവെങ്കില്‍ ഇതൊരു മെലോഡ്രാമയായി മാറുമായിരുന്നെനേ.ഇത്തരത്തിൽ തികച്ചും അത്ഭുതവും അനുഭൂതിയും നിറക്കുന്ന ഇ ചലച്ചിത്രം ഒരുപാടു നാളുകൾ മനുഷ്യ മനസ്സിൽ നിലനിൽക്കും എന്നതിന് ഒരു തെളിവിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. ആ കാലത് കാലത്തു ഇത്തരത്തിൽ മനഹോരമായ രീതിയിൽ അവതരിപ്പിച്ച ചെമ്മീൻ എന്ന സിനിമ ഇന്നും അതിന്റെതായ സ്ഥാനം നിലനിർത്തി തന്നെ നിൽക്കുന്നു. വരും തലമുറയിലും സിനിമ ചരിത്രത്തിലും ഏതൊരു മുതൽക്കൂട്ട് തന്നെയാണ്.



Comments
Post a Comment